Saturday, 11 August 2012

ഒരു കൊച്ചു മുട്ട.

കേള്‍ക്കണമെന്നോ,കേട്ടോളൂ ...

നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ് . വര്‍ഷങ്ങളായി ഞാന്‍ ഈ കല്ലില്‍ കൊത്തുന്നു . ഏറ്റവും മികച്ച ശില്പികളില്‍ ഒരാളാണ് ഞാന്‍ എന്നു നിങ്ങള്‍ തന്നെ പറഞ്ഞു കഴിഞ്ഞു . നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതുവരെ ശില്‍പം പൂര്‍ത്തിയാകാത്തത് എന്‍റെ കഴിവില്ലായ്മ കൊണ്ടല്ല . അംഗങ്ങള്‍ ഓരോന്നായി പൊട്ടിച്ചുമാറ്റിയത് എനിക്ക് ഭ്രാന്തുണ്ടായിട്ടുമല്ല . സൗന്ദര്യത്തിന്‍റെ മൂര്‍ദ്ധന്യതയില്‍നിന്നും വിരൂപതയിലേക്ക് പണിയുന്നത് ഒരു ശില്പിയുടെ ആത്മസംതൃപ്തിക്കുവേണ്ടിയുമല്ല . ഇങ്ങനെയെല്ലാം ചെയ്യുന്നത് അത് അവള്‍ ആയതുകൊണ്ടുമാത്രമാണ്.

പ്രിയപ്പെട്ടത് ഉപേക്ഷിക്കുവാനും ഇഷ്ട്ടമില്ലാത്തത് നേടിയെടുക്കാനും വളരെ വിഷമമാണ് . അവള്‍ അതുകൊണ്ടുതന്നെ ഒരു പ്രത്യേകതയാണ് . എന്തും ഉപേക്ഷിക്കുമ്പോഴും നേടുമ്പോഴും വികാരങ്ങള്‍ അവളെ സ്പര്‍ശിക്കുന്നില്ല .ഒരു പേരിനും അവളെ ഓമനിക്കാനാവില്ല എന്നതു കൊണ്ടാണ് ഞാന്‍ അവള്‍,അവള്‍ എന്ന് ആവര്‍ത്തിക്കുന്നത് . 2006 ഡിസംബര്‍ കണ്ടത് സദ്ദാമിനെ തൂക്കിലേറ്റിയതായിരുന്നു .ഒരുപാട് കൊലകള്‍ ചെയ്തിട്ടുള്ള ഏകാധിപതിയെ വാനോളം പുകഴ്ത്തിയ ലോകത്തില്‍ അവള്‍ മൗനിയായിരുന്നു . ടിഗ്രിസിന്‍റെ കരച്ചില്‍ അവള്‍ കേട്ടിരിക്കില്ല .അധിനിവേശത്തിന്‍റെ പൊട്ടിത്തെറികള്‍ അവളുടെ കാതുകള്‍ക്ക് കേള്‍വിശക്തി ഇല്ലാതെയാക്കി . അങ്ങനെ കാതുകള്‍ ഞാന്‍ കൊത്തിമാറ്റി . അവള്‍ക്കു ദേഷ്യമൊന്നും തോന്നേണ്ട കാര്യമില്ല ,ഒരു ശില്‍പ്പിയുടെ സ്വാതന്ത്ര്യം ഞാനെടുത്തു എന്നേയുള്ളൂ . സദ്ദാമിനും നഗസ്സാക്കിക്കും മുമ്പും എത്രയോ നശീകരണങ്ങള്‍ സംഭവിച്ചിരിക്കുന്നു .പീഡനം അനുഭവിക്കുന്നവരുടെ കരച്ചില്‍ ഉച്ചത്തിലായപ്പോള്‍,തീവ്രവാദികള്‍ നടക്കുന്ന മനുഷ്യരെ പൊട്ടിത്തെറിപ്പിച്ചപ്പോള്‍,എങ്ങും ആഭ്യന്തര കലാപങ്ങള്‍ ഉടലെടുത്തപ്പോള്‍ ,അവയവങ്ങള്‍ ഓരോന്നായി അവള്‍ നഷ്ട്ടപ്പെടുത്തി . അങ്ങനെ,നീതിദേവതയെ ചീകിച്ചീകി ഞാന്‍ ഒടുക്കം ഒരു കൊച്ചു മുട്ടയുടെ പരുവത്തിലാക്കി . കട്ടിയുള്ള തോടിനുള്ളില്‍ ഇപ്പോഴും ജീവന്‍റെതുടിപ്പ് ഞാന്‍ അറിയുന്നുണ്ട് .

ഇനി വരേണ്ടത് ആ പക്ഷിയാണ് . ക്ഷമയോടെ അടയിരുന്ന് ഈ മുട്ട വിരിയിക്കുവാന്‍ അതിനു മാത്രമേ കഴിയൂ .എന്നുവെച്ചാല്‍ ,ഈ കൊച്ചു മുട്ടയില്‍ അടയിരിക്കുന്ന വലിയ പക്ഷിക്കുമാത്രമേ അവളെ ഇനി വിരിയിച്ചിറക്കാനാകൂ .

കേട്ടല്ലോ ,ഇത്രേയുള്ളൂ  !!

4 comments:

  1. Thanjii... Itzz so surreal... Sculpting with words ... Remembers of the deconstruction theory of Dereeda...

    ReplyDelete
  2. Thanks Shemin.Your support is truly inspiring.

    ReplyDelete